എന്താണ് ‘ഫിത്‌ന’ ഇല്ലാതാകുന്നത് വരെയുള്ള ജിഹാദ്?

”ഫിത്‌ന ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (ക്വുര്‍ആന്‍ 2.193)
‘ഫിത്‌ന’ ഇല്ലാതാകുന്നതുവരെയാണ് യുദ്ധം ചെയ്യേണ്ടതെന്നു കല്‍പിക്കുന്ന പരാമൃഷ്ട ക്വുര്‍ആന്‍ വചനം കേരളത്തില്‍ നവസമൂഹ മാധ്യമങ്ങളുടെ സജീവചര്‍ച്ചക്ക് വിഷയീഭവിച്ചതാണ് കഴിഞ്ഞ മാസത്തെ ഇസ്‌ലാമിക പ്രബോധനരംഗത്തുള്ളവര്‍ ശ്രദ്ധിച്ച പ്രധാനപ്പെട്ടൊരു കാര്യം. കേരളത്തില്‍നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വ് ആന്റ് സിറിയ എന്ന ഭീകരപ്രസ്ഥാനത്തിന്റെ ആഹ്വാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ നിയന്ത്രണത്തിലുള്ള ഏതോ ഒരു ഭൂപ്രദേശത്തേക്കു പലായനം ചെയ്തു എന്നവകാശപ്പെട്ടുകൊണ്ട് ഒരു മലയാളി കേരള മുസ്‌ലിംകളെ തന്റെ മാര്‍ഗത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള അന്‍പതോളം വിധ്വംസക ശബ്ദസന്ദേശങ്ങളില്‍ അവസാനത്തേത് ഈ ക്വുര്‍ആന്‍ വചനം ഉദ്ധരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ പൊടുന്നനെയുള്ള നിമിത്തം. ഫിത്‌ന എന്നാല്‍ ബഹുദൈവാരാധനയാണെന്നും ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുകയെന്നാല്‍ ഭൂമിയില്‍ ബഹുദൈവാരാധകര്‍ ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുകയാണെന്നും വാദിക്കുന്ന ശബ്ദസന്ദേശം, ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമാകാത്ത അമുസ്‌ലിംകളെ മുഴുവന്‍ കൂട്ടക്കൊല ചെയ്യലാണ് ഇസ്‌ലാമിലെ യുദ്ധലക്ഷ്യമെന്നു വാദിക്കുന്നു. അമുസ്‌ലിം ഉന്മൂലനം വഴി മുസ്‌ലിംകള്‍ മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ വെമ്പുന്ന രക്തദാഹത്തിന്റെ പ്രത്യയശാസ്ത്രമായി ജിഹാദിനെ വിവര്‍ത്തനം ചെയ്യുന്ന ഈ ഓഡിയോ ക്ലിപ്പിന് സാമൂഹിക മാധ്യമങ്ങളില്‍ സിദ്ധിച്ച പ്രചാരം നമ്മുടെ സമുദായമൈത്രിയില്‍ വിള്ളലുകള്‍ വീഴ്ത്താനാഗ്രഹിക്കുന്നവരെ അതിരറ്റ് സന്തോഷിപ്പിക്കുന്നുവെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. എന്നാല്‍ നാടിന്റെ നന്മയാഗ്രഹിക്കുന്നവര്‍ മുഴുവന്‍ ഭീതിയോടുകൂടിയാണ് ഇത്തരം ഭീകരാശയങ്ങളുടെ കേരളത്തിലേക്കുള്ള പ്രവേശനശ്രമത്തെ നോക്കിക്കാണുന്നത്. മുസ്‌ലിംകളെയും ഇസ്‌ലാമിക പ്രബോധകരെയും സംബന്ധിച്ചിടത്തോളം, പരിശുദ്ധ ക്വുര്‍ആനിന്റെ ക്രൂരമായ ദുര്‍വ്യാഖ്യാനമാണ് ‘ഐ.എസ് മലയാളി’ നടത്തിയിരിക്കുന്നത് എന്നു തിരിച്ചറിയുന്നവരാണവര്‍. അമുസ്‌ലിം ഉന്മൂലനത്തിനുള്ള ആഹ്വാനമല്ല ചര്‍ച്ചയായ ക്വുര്‍ആന്‍ വചനത്തിലുള്ളതെന്ന് മലയാളീ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുളള ശ്രമങ്ങള്‍, അതുകൊണ്ടുതന്നെ, അവരില്‍ നിന്നുണ്ടായേ തീരൂ.
യുദ്ധം അനിവാര്യമാകുന്ന സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി പഠിപ്പിക്കുകയും പടക്കളത്തില്‍ സ്വീകരിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ക്വുര്‍ആനും നബിമൊഴികളും യുദ്ധത്തിന്റെ ഇസ്‌ലാമിക ലക്ഷ്യമെന്താണെന്നുകൂടി തെര്യപ്പെടുത്തുന്നുണ്ട്.
‘മര്‍ദനം ഇല്ലാതെയാവുകയും മതം അല്ലാഹുവിന് വേണ്ടിയായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യുക’യെന്ന ക്വുര്‍ആനിക കല്‍പനയില്‍ നിന്ന് എന്താണ് യുദ്ധത്തിന്റെ അത്യന്തികമായ ലക്ഷ്യമെന്ന് വ്യക്തമാകുന്നുണ്ട്. ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ ഇസ്‌ലാമിന് കീഴ്‌പ്പെടുകയും മനുഷ്യരെല്ലാം മുസ്‌ലിംകളായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടതെന്ന് തെറ്റുധരിപ്പിക്കാറുണ്ട്. ഇസ്‌ലാമിന്റെ യുദ്ധലക്ഷ്യത്തെ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഇത്തരം വചനങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഇത്തരം തെറ്റുധാരണകള്‍, അറിവില്ലായ്മയില്‍ നിന്നുണ്ടാകുന്നതാണെങ്കില്‍ നീങ്ങിപ്പോകും. കണ്ണടച്ച് ഇരുട്ടാക്കിയ ശേഷം പ്രസ്തുത അന്ധകാരത്തെ അടുത്തിരുക്കുന്നവരിലേക്കു കൂടി പ്രസരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് സൂര്യന്‍ തന്നെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും അതിന്റെ വെളിച്ചം കാണാനാകില്ലല്ലോ. ഏതുവരെയാണ് യുദ്ധമെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിക്കുക:
”മര്‍ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (2:193) ”കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്” (8:39)
ഈ രണ്ട് സൂക്തങ്ങളിലും ഫിത്‌ന ഇല്ലാതാവുകയും ദീന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഫിത്‌ന എന്ന പദത്തിന് പരീക്ഷണം, കുഴപ്പം, മര്‍ദനം എന്നിങ്ങനെയാണര്‍ഥം. ഈ അര്‍ഥങ്ങളിലെല്ലാം ക്വുര്‍ആന്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്. ഈ വചനങ്ങളില്‍ ഫിത്‌ന എന്ന് പ്രയോഗിച്ചിരിക്കുന്നത് മതത്തിന്റെ പേരില്‍ നിലനിന്നിരുന്ന മര്‍ദനമാണെന്നായിരുന്നു പ്രവാചകാനുരചന്മാര്‍ മനസ്സിലാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഒരു ഹദീഥ് കാണുക: നാഫിഇല്‍ നിന്ന്: ഇബ്‌നു സുബൈറിന്റെ പീഡനങ്ങള്‍ നിലനിന്നിരുന്ന കാലത്ത് രണ്ട് പേര്‍ അബ്ദുല്ലാഹി ബ്‌നു ഉമറിെേന്റ അടുത്ത് ചെന്ന് ചോദിച്ചു: ”ജനങ്ങള്‍ ഇല്ലാതെയാവുന്നു. താങ്കള്‍ ഉമറിന്റെ പുത്രനും പ്രവാചകാനുരചനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില്‍ നിന്ന് താങ്കളെ തടയുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്’. അവര്‍ ചോദിച്ചു: ഫിത്‌ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്‍പിച്ചിട്ടില്ലേ?’ അദ്ദേഹം പറഞ്ഞു: ”ഫിത്‌ന ഇല്ലാതാകുന്നത് വരെയും, മതം അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്കാവശ്യം ഫിത്‌ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.”(1)
നാഫിഇല്‍ നിന്നുമുള്ള മറ്റൊരു നിവേദനം ഇങ്ങനെയാണ്: ഇബ്‌നു ഉമറിന്റെ അടുക്കല്‍ ഒരാള്‍ വന്നുകൊണ്ട് ചോദിച്ചു: ”ഒാ… അബൂ അബ്ദുര്‍റഹ്മാന്‍! ഹജ്ജും ഉംറയും ഓരോ വര്‍ഷവും മാറിമാറി ചെയ്യുന്ന താങ്കളെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം വളരെ പ്രാധാന്യത്തോടെ കല്‍പിക്കപ്പെട്ടതാണെന്ന് അറിയാമായിരുന്നിട്ടും, അതിനായി
പുറപ്പെട്ടിറങ്ങുന്നതില്‍ നിന്ന് വിലക്കുന്നതെന്താണ്?” ഇബ്‌നു ഉമര്‍ പറഞ്ഞു: ”സഹോദരപു്രതാ, അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം, അഞ്ചുനേരെത്ത നിര്‍ബന്ധ നമസ്‌കാരം, റമദാനിലെ നിര്‍ബന്ധ നമസ്‌കാരം, സകാത്ത് നല്‍കുക, അല്ലാഹുവിന്റെ ഭവനത്തിലേക്കുള്ള ഹജ്ജ് എന്നീ അഞ്ച് സ്തംഭങ്ങളിലാണ് ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്’. അയാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നത് താങ്കള്‍ കേട്ടിട്ടില്ലേ, അബൂ അബ്ദുറഹ്മാന്‍?’ ”സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍  അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതിപാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (49:9) ”മര്‍ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക..” (2:193) ഇബ്‌നു ഉമര്‍ പറഞ്ഞു:
‘ഞങ്ങള്‍ അത് ചെയ്തിരുന്നു. അല്ലാഹുവിന്റെ ദൂതന്റെ കാലത്ത് ഇസ്‌ലാമിന് ഏതാനും
അനുയായികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മതത്തിന്റെ പേരില്‍ ആളുകള്‍ മര്‍ദിക്കപ്പെട്ടിരുന്നു, ക്രൂരമായി പീഡിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ മുസ്‌ലിംകള്‍ വര്‍ധിച്ചപ്പോള്‍ പീഡനങ്ങളും മര്‍ദനങ്ങളും ഇല്ലാതെയായി’.(2)
മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ ഇല്ലാതെയാവുകയും ആെരയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചാണ് ‘ഫിത്‌ന ഇല്ലാതെയാവുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുക’ എന്നത് കൊണ്ട് വിവക്ഷിച്ചതെന്നാണ് പ്രവാചകാനുരചന്മാര്‍ മനസ്സിലാക്കിയതെന്ന് ഇബ്‌നു ഉമറിന്റെ വര്‍ത്തമാനം സുതരാം വ്യക്തമാക്കുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ പ്രവാചകാനുയായിത്തീരാന്‍ അവസരമുണ്ടാവുകയും പ്രവാചക ഭരണത്തെയും യുദ്ധങ്ങളെയും, സച്ചരിതരെന്ന് ലോകം അംഗീകരിക്കുന്ന നാല് ഖലീഫമാരുടെ ഭരണത്തെയും അവര്‍ നടത്തിയ യുദ്ധങ്ങളെയുമെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തയാളാണ് ഇബ്‌നു ഉമര്‍. മതമര്‍ദനം ഇല്ലാതെയാവുകയാണ് മുസ്‌ലിംകളുടെ യുദ്ധലക്ഷ്യമെന്നാണ് നടേ ഉദ്ധരിക്കപ്പെട്ട ആയത്തുകള്‍ വ്യക്തമാക്കുന്നതെന്ന അദ്ദേഹത്തിന്റെ സാക്ഷ്യം അതുകൊണ്ട് തന്നെ ഏറെ പ്രസക്തമാണ് ‘ഫിത്‌ന’ കൊണ്ട് വിവക്ഷിക്കുന്നത് ബഹുദൈവാരാധനയാണെന്നോ ‘മതം മുഴവന്‍ അല്ലാഹുവിന് വേണ്ടി മാത്രമാവുക’ എന്നതുകൊണ്ട് ആളുകളെയെല്ലാം നിര്‍ബന്ധിച്ച് മുസ്‌ലിംകളാക്കുക’ എന്നോ ആണ് വിവക്ഷിച്ചതെന്ന് നബിയില്‍നിന്ന് ഈ വചനങ്ങള്‍ കേള്‍ക്കുകയും നബി അവ എങ്ങനെ പ്രയോഗവല്‍ക്കരിച്ചുവെന്ന് നേരിട്ട് അനുഭവിക്കുകയും ചെയ്ത സ്വഹാബിമാര്‍ മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ മറുപടികള്‍. മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടായപ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറിനിന്നതിനെ ചോദ്യം ചെയ്തവര്‍ക്ക് ഇബ്‌നു ഉമര്‍ നല്‍കിയ മറുപടി, ഇസ്‌ലാമിന്റെ യുദ്ധലക്ഷ്യം ലോകത്തെ പൂ
ര്‍ണമായും ഇസ്‌ലാമീകരിക്കുകയാണെന്ന വാദം സ്ഥാപിക്കുന്നതിനായി സൂറത്തുല്‍ ബക്വറയിലും അന്‍ഫാലിലുമുള്ള വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അഭിനവ വിമര്‍ശകന്മാര്‍ക്കും കൂടിയുള്ളതാണ്.
ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആനിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമികാദര്‍ശനത്തിനെങ്ങനെയാണ് അതിന്റെ യുദ്ധലക്ഷ്യമായി ആളുകളുടെ നിര്‍ബന്ധ മതപരിവര്‍ത്തനത്തെ കണക്കാക്കുവാന്‍ കഴിയുക? ക്വുര്‍ആന്‍ പറയുന്നത് കാണുക:
”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒെരാറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്.” (11:118,119)
”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്.” (10:99,100)
നന്മയോ തിന്മയോ തെരഞ്ഞെടുക്കുവാന്‍ കഴിയുന്നവനായാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഈ സ്വാതന്ത്ര്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ മനുഷ്യരെല്ലാം വിശ്വാസികളും സദ്‌വൃത്തരുമായിത്തീരുന്ന അവസ്ഥയുണ്ടാവുകയില്ലെന്നും സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നവരും സത്യവിശ്വാസം സ്വീകരിക്കാത്തവരുമായ വിഭാഗങ്ങള്‍ എന്നെന്നും നിലനില്‍ക്കുമെന്നും വ്യക്തമാക്കുന്നവയാണ് ഈ ക്വുര്‍ആന്‍ സൂക്തങ്ങള്‍. ആയുധങ്ങളുപയോഗിച്ച് ആളുകളുടെ മനസ്സ് മാറ്റാന്‍ ആവില്ലെന്നത് കൊണ്ട് തന്നെ മതപ്രബോധനത്തെക്കുറിച്ച് പറയുന്നിടങ്ങളില്‍ യുക്തിദീക്ഷയും സദുപദേശങ്ങളും സ്‌നേഹസംവാദങ്ങളുമാണ് ഇക്കാര്യത്തിന് വേണ്ടി ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത്: ”യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. ” (16:125)
ആദര്‍ശ പ്രബോധനത്തിനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബിലയോട് പ്രസ്തുത ദൗത്യത്തെക്കുറിച്ച് തെര്യപ്പെടുത്തുമ്പോഴും ഉല്‍ബോധിപ്പിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ചുമതലയെന്നും ആളുകളെ നിര്‍ബന്ധിച്ച് മതം മാറ്റാവതല്ലെന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
”അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ ക്വുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക.” (50:45)
”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്.” (10:99,100)
”നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്) നിന്റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടില്‍ ഏതാണ് സംഭവിക്കുന്നതെങ്കിലും) നിെന്റ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (അവരുടെ കണക്കു) നോക്കുന്ന ബാധ്യത നമുക്കാകുന്നു.” (13:40)
”അതിനാല്‍ (നബിയേ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.”(88:21,22)
താന്‍ ആഗ്രഹിക്കുന്നവരെയെല്ലാം സത്യമാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ പ്രവാചകന്‍ല വിചാരിച്ചാല്‍ പോലും സാധ്യമല്ലെന്നും പ്രബോധനം മാത്രമാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും അഹങ്കാരവും മുന്‍ധാരണയുമില്ലാതെ സത്യസന്ദേശം സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയുള്ളവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നത് അല്ലാഹുവാണെന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: ”അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.” (2:272)
”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.” (28:56)
നിര്‍ബന്ധമോ ബലാല്‍ക്കാരമോ ചെലുത്തിക്കൊണ്ട് സ്വീകരിക്കപ്പെടേണ്ടതല്ല മതവിശ്വാസമെന്നും സത്യവും അസത്യവും വിവേചിച്ച് മനസ്സിലാക്കിക്കൊടുക്കുകയാണ് പ്രബോധകനെന്ന നിലയില്‍ പ്രവാചകന്റെ ബാധ്യതയെന്നും അദ്ദേഹത്തിന് സ്വന്തമായി ആരെയും സന്മാര്‍ഗത്തിലാക്കുവാന്‍ സാധ്യമല്ലെന്നും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മനസ്സ് പാകപ്പെട്ടവരെ അതിലേക്ക് നയിക്കുന്നത് അല്ലാഹുവാണെന്നും വ്യക്തമാക്കുന്ന ക്വുര്‍ആനിന്ന് എങ്ങനെയാണ് യുദ്ധത്തിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുന്ന അവസ്ഥയുണ്ടാക്കുകയാണ് മുസ്‌ലിംകളുടെ ധര്‍മമെന്ന് പഠിപ്പിക്കാനാവുക?! ലോകത്തുള്ള മനുഷ്യരെല്ലാം സത്യസന്ദേശം സ്വീകരിക്കുന്ന സ്ഥിതി ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആനെങ്ങനെ അത്തരമൊരു സ്ഥിതി സംജാതമാക്കുന്നതിന് യുദ്ധത്തിലേര്‍പ്പെടണമെന്ന് അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യാന്‍ കഴിയും? ഒരിക്കലും ഉണ്ടാവുകയില്ലെന്നുറപ്പുള്ള സാമൂഹ്യാവസ്ഥയുടെ സൃഷ്ടിയെ യുദ്ധലക്ഷ്യമായി നിര്‍ണയിക്കുന്ന അന്ധമായ ദര്‍ശനമല്ല ഇസ്‌ലാമെന്ന് അതിന്റെ അടിസ്ഥാനാദര്‍ശങ്ങളെങ്കിലും പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയാണ് ഇസ്‌ലാമിന്റെ യുദ്ധലക്ഷ്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നര്‍ഥം.
മതവിശ്വാസത്തിന്റെ സ്വീകരണത്തിന്റെയും തിരസ്‌കരണത്തിന്റെയും മാനദണ്ഡമെന്തായിരിക്കണമെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. ഇവ്വിഷയമായി ഏറെ പ്രസിദ്ധമായ ക്വുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവെര നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.” (2:256,257)
ഈ വചനങ്ങളുടെ അവതരണ പശ്ചാത്തലംകൂടി പരിശോധിച്ചാല്‍ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആശയത്തോട് ഇസ്‌ലാം എങ്ങനെ പ്രതികരിക്കുന്നുവെന്ന് സുതരാം വ്യക്തമാവും. ഏതെങ്കിലും സ്ത്രീകള്‍ക്ക് മക്കളുണ്ടായിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടായാല്‍ അവനെ യഹൂദനാക്കി വളര്‍ത്താമെന്ന് നേര്‍ച്ചയാക്കുന്ന സ്രമ്പദായമുണ്ടായിരുന്നു, യഥ്‌രിബ് വാസികള്‍ക്കിടയില്‍. ജൂതന്മാരായ ബനൂ നദ്വീര്‍ ഗോത്രക്കാരെ മദീനയില്‍ നിന്ന് നാടുകടത്തിയപ്പോള്‍ അവരോടൊപ്പം ഇങ്ങനെ ജൂതന്മാരായിത്തീര്‍ന്ന ചില അന്‍സ്വാരി സ്ത്രീകളുടെ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അവര്‍ പ്രവാചകനോട് പറഞ്ഞു: ദൈവദൂതരേ, അവര്‍ ഞങ്ങളുടെ മക്കളാണ്. അവരെ ഞങ്ങള്‍ ജൂതന്മാരോടൊപ്പം പറഞ്ഞയക്കുകയില്ല. ഇൗ സന്ദര്‍ഭത്തിലാണ് മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കപ്പെട്ടതെന്ന് ഇബ്‌നു അബ്ബാസില്‍ നിന്ന് സ്വീകാര്യമായ പരമ്പരയോടെ (സ്വഹീഹ്) സുനനു അബൂദാവൂദില്‍ ഉദ്ധരിച്ചിട്ടുണ്ട്(3) സ്വേച്ഛപ്രകാരമല്ലാതെ ജൂതമതം സ്വീകരിക്കേണ്ടിവന്ന സ്വന്തം മക്കളെപ്പോലും നിര്‍ബന്ധപൂര്‍വം ഇസ്‌ലാം സ്വീകരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ മാതാക്കളെ നിഷ്‌കര്‍ഷിക്കുന്ന ക്വുര്‍ആന്‍ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആശയത്തെ ഒരു തരത്തിലും അംഗീകരിക്കുകയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം യുദ്ധംചെയ്യാന്‍ പറയുന്നത് ലോകത്തുള്ള മനുഷ്യരെയെല്ലാം മുസ്‌ലിംകളാക്കുന്നതിന് വേണ്ടിയാണെന്ന വിമര്‍ശനം ശുദ്ധഭോഷ്‌ക്കാണ്.
മതത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുകയും, ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിച്ചുകൊണ്ട് സ്വസ്ഥമായി ജീവിക്കുകയും ആ മാര്‍ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള സ്വാതന്ത്ര്യം നിേഷധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനും വേണ്ടി നടത്തുന്നതാണ് ഇസ്‌ലാം അനുവദിച്ച യുദ്ധമെന്ന് പറഞ്ഞുവല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ സായുധമായി പ്രതികരിക്കാതിരുന്നാല്‍ പിന്നെ എങ്ങനെയാണ് സത്യമതത്തിന് നിലനില്‍പുണ്ടാവുക? യുദ്ധം അനുവദിച്ച ഇസ്‌ലാമിന്റെ നടപടി തെറ്റായിപ്പോയെന്ന് പറയുന്നവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എന്ത് പരിഹാര മാര്‍ഗമാണ് നിര്‍ദേശിക്കുവാനുള്ളത്? അശോകന്റെ ഉദാഹരണം തന്നെയെടുക്കുക. തങ്ങളുടെ ഗോത്രാധികാരിയുടെ ഭരണത്തിന് കീഴില്‍ സ്വസ്ഥമായി ജീവിച്ചിരുന്ന കലിംഗവാസികള്‍ക്കു മേല്‍ അശോക ചക്രവര്‍ത്തി യുദ്ധം അടിച്ചേല്‍പിക്കുന്നു. തങ്ങളുടെ ജീവനെയും സ്വത്തിനെയും നാടിനെയും സംരക്ഷിക്കുവാന്‍ കലിംഗവാസികള്‍ക്ക് മുമ്പില്‍ യുദ്ധമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. അവര്‍ യുദ്ധം ചെയ്യണമോ അതോ വേണ്ടേ? വിജയിക്കുകയില്ലെന്ന് ഉറപ്പുള്ള യുദ്ധത്തിലേക്ക് എടുത്തുചാടുന്നതിന് പകരം മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോയെന്ന് അവര്‍ അന്വേഷിക്കണമോ വേണ്ടയോ? തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെട്ട യുദ്ധം ചെയ്യുമ്പോള്‍ അവര്‍ സ്വീകരിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്? ഇതൊന്നും വ്യവഛേദിച്ച് പഠിപ്പിക്കുവാന്‍ കലിംഗയില്‍ ആരും ഉണ്ടായിരുന്നില്ല. യുദ്ധം ചെയ്തയാള്‍ക്ക് പോലും മനഃപരിവര്‍ത്തനം ഉണ്ടാക്കുംവിധം ദാരുണമായ നാശമായിരുന്നു അതിന്റെ ഫലം. ഇസ്‌ലാമികാദര്‍ശവും മുസ്‌ലിംകളുടെ നാടും അങ്ങനെയായിക്കൂടെന്ന് അതിെന്റ വിധാതാവിന് നിര്‍ബന്ധമുണ്ട്. യുദ്ധം അനുവദിക്കുകയും ആരോട് എപ്പോള്‍ എങ്ങനെയെല്ലാം യുദ്ധംചെയ്യണമെന്ന് കൃത്യവും വ്യക്തവുമായി അവന്‍ മുസ്‌ലിംകളെ പഠിപ്പിച്ചു. അവന്റെ മാര്‍ഗദര്‍ശനപ്രകാരം അവര്‍ മുന്നേറിയപ്പോള്‍ മതത്തിന്റെ പേരിലുള്ള മര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുവാനും ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാക്കുവാനും അല്ലാഹുവിന്റെ നാമം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഫിത്‌ന ഇല്ലാതെയാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടി മാത്രമായിത്തീര്‍ക്കുകയുമായിരുന്നു അവരുടെ യുദ്ധലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടുന്നത് വരെ അവര്‍ യുദ്ധം ചെയ്തു. മുസ്‌ലിമായിപ്പോയെന്ന കാരണത്താല്‍ മാത്രം മനുഷ്യര്‍ പീഡിപ്പിക്കപ്പെട്ടിരുന്ന അവസ്ഥക്ക് വിരാമമായി. മുസ്‌ലിമായി ജീവിക്കുവാനും സത്യമതപ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായി. പ്രസ്തുത സ്വാതന്ത്ര്യമുപയോഗിച്ച് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് സത്യമതത്തിന്റെ സന്ദേശം പ്രസരിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. നമസ്‌ക്കാരത്തിനായി ക്ഷണിക്കുന്ന ബാങ്ക്‌വിളി മുഴങ്ങാത്ത ഒരു നിമിഷം പോലും ഭൂഗോളത്തിലില്ലാത്ത സ്ഥിതി സംജാതമായത് അങ്ങനെയാണ്.

കുറിപ്പുകള്‍
1. സ്വഹീഹുല്‍ ബുഖാരി, കിതാബുത്തഫ്‌സീര്‍.
2. സ്വഹീഹുല്‍ ബുഖാരി, കിതാബുത്തഫ്‌സീര്‍.
3. സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്.

Leave a Reply

Your email address will not be published. Required fields are marked *