ഇബ്‌റാഹീം പ്രവാചകന്‍ പ്രബോധകര്‍ക്കൊരു മാര്‍ഗരേഖ

”സ്വയം മൗഢ്യം വരിച്ചവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക. ഇഹലോകത്തില്‍ അദ്ദേഹത്തെ നാം
വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.” (ക്വുര്‍ആന്‍ 2:130)
ക്വുര്‍ആനില്‍ 25 അധ്യായങ്ങളിലായി 69 തവണ ആവര്‍ത്തിച്ച നാമമാണ് ത്യാഗത്തിന്റെ നിസ്തുല പ്രതീകമായ ഇബ്‌റാഹി(അ)മിന്റേത്. ഒരു വലിയ ദൗത്യമായിരുന്നു അദ്ദേഹം ഏറ്റെടുത്തിരുന്നത്. നിഷ്പ്രയാസം ചെയ്തുതീര്‍ക്കാവുന്നത്ര നിസാരമായിരുന്നില്ല അത്. യാഥാസ്ഥിതികത്വത്തിന്റെ കുപ്പക്കുഴിയില്‍ കഴുത്തറ്റം മുങ്ങിനിന്ന സമൂഹം. അവരുടെ യുക്തിഹീനവും നിരര്‍ത്ഥകവുമായ ധാരണകള്‍ക്ക് പിന്തുണയര്‍പ്പിച്ച ഭരണകൂടം. ഇവയോടെല്ലാമാണ് ഇബ്‌റാഹീം കലഹിച്ചതും സംവദിച്ചതും.
ഏകദൈവാരാധനയെന്ന വിമോചനത്തിന്റെ സന്ദേശം ആദ്യം കുടുംബത്തിലും പിന്നീട് സമൂഹത്തിലും അശ്രാന്ത പരിശ്രമത്തിലൂടെ എത്തിച്ചുകൊടുത്ത അദ്ദേഹത്തില്‍ എക്കാലത്തുമുള്ള പ്രബോധകര്‍ക്ക് മഹോന്നത മാതൃകയുണ്ട്. പരശ്ശതം വിഗ്രഹങ്ങള്‍ക്കുമുന്നില്‍ ആവശ്യങ്ങളും അര്‍ത്ഥനകളും സമര്‍പ്പിക്കുന്നതിന്റെ അനന്തരഫലം മറ്റുള്ളവരെ ബോധ്യപ്പെടുത്തിയപ്പോള്‍ നേരിട്ട പരീക്ഷണങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് നിത്യപ്രസക്തമാണ്.

നിര്‍ഭയത്വം
ഒരു പ്രബോധകന്റെ ജീവിതം പൂര്‍ണമായും സുഖപ്രദമായിരിക്കില്ല. അന്ധകാരത്തിലേക്ക് ദീപശിഖയുമായി കടന്നുചെല്ലുമ്പോള്‍ ഇരുട്ടിന്റെ മറവിലുള്ള സൃഗാല ബുദ്ധികള്‍ ഏതുരൂപത്തിലും ഈ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കും. കിടപ്പറയിലെ പങ്കാളിക്കുമുതല്‍ രാഷ്ട്രതലവന്‍മാര്‍ക്കുവരെ പ്രബോധകന്‍ കണ്ണിലെ കരടായി മാറും. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള ബഹിഷ്‌ക്കരണം, പരിഹാസം, കള്ളക്കഥകള്‍, ശാരീരിക മാനസിക പീഡനങ്ങള്‍, അവകാശനിഷേധം തുടങ്ങിയവയിലൂടെയെല്ലാം തളര്‍ത്താന്‍ ശ്രമിക്കും. മാനസികമായി കരുത്താര്‍ജ്ജിച്ചവര്‍ക്കു മാത്രമേ ഈ തളര്‍ത്തലില്‍ തളരാതിരിക്കാന്‍ സാധിക്കൂ. അല്ലാഹുവുമായുള്ള അഭേദ്യമായ ബന്ധം കൊണ്ടുമാത്രമാണ് മാനസികമായി കരുത്താര്‍ജ്ജിക്കാന്‍ കഴിയുക.
ഇബ്‌റാഹി(അ)മിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ജീവിത യാത്രയിലൂടനീളമുള്ള നിര്‍ഭയത്വം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭയരഹിതമായ ജീവിതം നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മനസ്സിന്റെ ആഴങ്ങളിലേക്ക് ദൈവബോധം പെയ്തിറങ്ങിയതുകൊണ്ടാണ് വന്‍കൊടുങ്കാറ്റിലും കടപുഴകാതിരിക്കാന്‍ ഇബ്‌റാഹീം നബി(അ)ക്ക് ബലം കിട്ടിയത്. കാരുണ്യത്തിന്റെ ചിറകാവേണ്ട പി
താവും മൗലികാവകാശങ്ങള്‍ വകവെച്ചുകൊടുക്കേണ്ട ഭരണാധികാരിയായ രാജാവും അദ്ദേഹത്തിനെതിരെ നിര്‍മിച്ച ദുഷ്ടാവസ്ഥകളെ മുഴുവനും, ഏകദൈവ വിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്കിറങ്ങിത്തിരിച്ച ആ മഹാന്‍ മറികടന്നു. ദൈവത്തിനുള്ള ആരാധനകളില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കരുതെന്നുപദേശിച്ചുകൊണ്ട് അദ്ദേഹത്തിന് വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നു. അവിടെയദ്ദേഹം പതറിയില്ല. ഹൃദയത്തില്‍ രൂഢമൂലമായ ദൃഢവിശ്വാസമാണ് ഈ സംഭവത്തില്‍ പ്രതിഫലിക്കുന്നത്. ദൈവകല്‍പന പ്രകാരം ഭാര്യയെയും മകനെയും വിജനതയില്‍ ഉപേക്ഷിച്ചു തിരിഞ്ഞു നടക്കാന്‍ ഇബ്‌റാഹീമിന് മനക്കരുത്ത് നല്‍കിയത് അദ്ദേഹത്തിന്റെ വിശ്വാസത്തിലും ആദര്‍ശത്തിലും ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍) ആണ്. പേടിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചവരോട് നിവര്‍ന്നുനിന്നുകൊണ്ട് അവിടുന്ന് ചോദിച്ചു, എനിക്ക് കിട്ടുന്ന നിര്‍ഭയത്വം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന്.
ഇബ്‌റാഹീമിന്റെ വാക്കുകള്‍ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നതായി കാണാം.
”നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍”. (6:81)
”പ്രകോപനങ്ങള്‍ അസഹ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്”. (37:99)
ഇസ്‌ലാം ഭയം നാം പ്രതീക്ഷിക്കാത്തവരുടെ തലച്ചോറുപോലും ഉന്മത്തമാക്കിയ നവലോക ക്രമത്തില്‍ നിര്‍ഭയത്വത്തിന്റെ ഇബ്‌റാഹിമീ പാഠങ്ങള്‍ അതിരറ്റ ആത്മവിശ്വാസമാണ് പ്രബോധകര്‍ക്കുമുന്നില്‍ തുറന്നുവെക്കുന്നത്. ഈമാനും തവക്കലും കൈമുതലാക്കിയവര്‍ക്കു വന്നുചേരുന്ന പ്രതിസന്ധികള്‍ എത്ര പ്രഭൂതമാണെങ്കിലും അവയെല്ലാം ക്ഷമയുടെയും സഹനത്തിന്റെയും അനുഭൂതിയായി മനസ്സിന് അനുഭവപ്പെടും.

പ്രാര്‍ത്ഥനയില്‍ അഭയം
പ്രബോധന നൗക ജനനിരപ്പില്‍ സഞ്ചരിക്കുമ്പോള്‍ കാറ്റിലും കോളിലും അകപ്പെട്ടെന്നു വരും. ഈ സന്ദര്‍ഭങ്ങളിലെല്ലാം പ്രബോധകന്റെ ഏകാശ്രയം പ്രാര്‍ത്ഥനയാണ്.
പ്രതിസന്ധിയിലും പ്രയാസങ്ങളിലും ആടിയുലയുന്ന നേരത്ത് നിരാശയകറ്റി നവോന്മേഷം നല്‍കാന്‍ പ്രാര്‍ത്ഥനക്ക് കഴിയും. ഭാവിയെക്കുറിച്ച പ്രതീക്ഷയും പ്രത്യാശയും പ്രദാനം ചെയ്യുന്നതും മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുതകുന്നതുമായ ആയുധം കൂടിയാണത്. മാത്രമല്ല അല്ലാഹുവിന്റെ പരിഗണനയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം. ആ ലക്ഷ്യം നേടിയെടുക്കാന്‍ പ്രാര്‍ത്ഥന കൂടിയേ തീരൂ. ”(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?” (ക്വുര്‍ആന്‍ 25:77)
ക്വുര്‍ആനില്‍ ഏറ്റവുമധികം പ്രാ
ര്‍ത്ഥനകളും പ്രാര്‍ത്ഥനസന്ദര്‍ഭങ്ങളും വിവരിക്കപ്പെട്ടിട്ടുള്ളത് ഇബ്‌റാഹീ(അ)മിന്റേതാണ്. പരീക്ഷണങ്ങളുടെയും പ്രതിഷേധങ്ങളുടെയും കൂരമ്പുകളേറ്റപ്പോഴും മനസ്സിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചത് നിരന്തരമായ പ്രാ
ര്‍ത്ഥന മൂലമായിരുന്നു. തല നരച്ച്, ശരീരം ദുര്‍ബലാവസ്ഥയില്‍ എത്തിയിട്ടും, ഭാര്യ വന്ധ്യയാണെന്നറിഞ്ഞിട്ടും ആ മഹാന്‍ ഒരു പിന്‍ഗാമിക്കുവേണ്ടി ദൈവത്തോട് അകതാരിലെ ആഗ്രഹം സമര്‍പ്പിക്കുകയാണ്. പടച്ചവനേ, നീ എനിക്കൊരു പിന്‍ഗാമിയേ നല്‍കണമെ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് എനിക്ക് കിട്ടാതെ പോയ ഒന്നില്ല. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് ജീവിത സായാഹ്നത്തില്‍ ഒരു കുഞ്ഞിനെ നല്‍കി. ഇങ്ങനെ ജീവിതത്തിലെ മുഴുവന്‍ ഘട്ടങ്ങളിലും ദൈവത്തിലേക്ക് കൈകള്‍ നീട്ടിയതായി ഇബ്‌റാഹീം ചരിത്രത്തില്‍ നിന്നു വായിക്കാന്‍ സാധിക്കും.
പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലും അഭിലാഷങ്ങള്‍ പൂവണിയുവാന്‍ സാധിക്കാതെ വന്നാലും പ്രയത്‌നം ഉപേക്ഷിച്ചു തിരിച്ചുപോരുകയല്ല ഒരു പ്രബോധകന്‍ ചെയ്യേണ്ടത്. മറിച്ച് പ്രാര്‍ത്ഥന കൊണ്ടുള്ള ആത്മവിശ്വാസം കൊണ്ട് മുന്നേറുകയാണ് വേണ്ടത്.

സംവാദ മനോഭാവം
പ്രബോധിത സമൂഹം പ്രബോധകന്റെ ഉപദേശങ്ങളെ പൂര്‍ണമായും സ്വീകരിക്കുക വിരളമായിരിക്കും. അനുയായികളേക്കാള്‍ കൂടുതലുണ്ടാവുക ശത്രുക്കളായിരിക്കും. ഉപദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെ പരിഹസിക്കുന്നവുമുണ്ടാകും. സത്യമാര്‍ഗം നെഞ്ചേറ്റുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവന്, അന്ധകാരത്തിന്റെയും അപകടത്തിന്റെയും വഴിയില്‍ പ്രവേശിക്കുന്നവരെ കാണുമ്പോള്‍ വേദനയും സഹതാപവുമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ പ്രസ്തുത കാരണം കൊണ്ട് അമിതമായി വ്യസനിക്കുകയും നാടും നാട്ടുകാരും ജീര്‍ണതയിലും അധര്‍മത്തിലും അധഃപതിച്ചതോര്‍ത്ത് ഖിന്നനായി സുരക്ഷിത സ്ഥാനം തേടി അലയുകയും അല്ല വേണ്ടത്. മറിച്ച് സമൂഹത്തിലിറങ്ങുകയും മനുഷ്യരുമായി ഇടപഴകുകയും അഭിപ്രായ വ്യത്യാസമുള്ളവരോട് സംസാരത്തിലൂടെയും സംവാദത്തിലൂടെയും ദൗത്യം നിര്‍വഹിക്കുകയാണ് വേണ്ടത്. ഇസ്‌ലാമിക പ്രബോധനത്തിന് ഈ മാര്‍ഗങ്ങളെല്ലാം ഉപയോഗിക്കണമെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. ”യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.” (ക്വുര്‍ആന്‍ 16:125)
ഈ കല്‍പനയുടെ പ്രായോഗിക മാതൃക ഇബ്‌റാഹിം പ്രവാചകന്റെ ജീവിതത്തില്‍ കാണാവുന്നതാണ്. പ്രതിയോഗികളെ പേടിച്ച് ഒളിച്ചോടുകയോ, ബഹുസ്വരതക്ക് ഭംഗം വരുമെന്ന് കരുതി മൗനമവലംബിക്കുകയോ അല്ല അദ്ദേഹം ചെയ്തത്. മറിച്ച് പിതാവ് മുതല്‍ രാജാവ് വരെ അടങ്ങുന്ന ആ സമൂഹത്തില്‍ യുക്തിഭദ്രമായ ഇടപെടലിലൂടെയും ചോദ്യങ്ങളിലൂടെയും കൂരിരുട്ടിന്റെ കാട്ടുപാതകളെ വകഞ്ഞുമാറ്റി വെളിച്ചത്തിന്റെ മെഴുകുതിരി വെട്ടവുമായി പ്രഭ ചുരത്താനാണ് ശ്രമിച്ചത്.
ഇബ്‌റാഹിം നബി(അ)യും ഭരണാധികാരിയായ രാജാവും തമ്മില്‍ നടന്ന ഒരു സംവാദം ക്വുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.” (ക്വുര്‍ആന്‍ 2:258)
സ്രഷ്ടാവിനു പകരം സൃഷ്ടികളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലെ നിരര്‍ത്ഥകത ഇബ്‌റാഹീം (അ) അവതരിപ്പിക്കുന്ന രീതി ഏറെ ശ്രദ്ധേയവും മനോഹരവുമാണ്.
അങ്ങനെ രാത്രി അദ്ദേഹത്തെ ഇരുട്ടുകൊണ്ട് മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു.” (6:76-78)
ഇസ്‌ലാമെന്നാല്‍ വീട്ടിലും ആരാധനാലയങ്ങളിലും ഒതുങ്ങിക്കൂടലും, സ്വര്‍ഗരാജ്യം തേടി പലായനം നടത്തലുമാണെന്ന ബോധത്തെ തകര്‍ത്തുകൊണ്ട് സാമൂഹ്യജീവിതത്തിലെ ഇബ്‌റാഹീമീ മാതൃക ഉള്‍ക്കൊണ്ടു മുന്നേറാന്‍ പ്രബോധകര്‍ക്ക് സാധിക്കണം. ത്യാഗത്തിന്റെ കനല്‍പഥങ്ങള്‍ താണ്ടാതെ പ്രബോധനമെന്ന കടമ്പ കടക്കാന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവാണ് ഇബ്‌റാഹീം പ്രബോധകന്റെ ജീവിതം വരച്ചു കാട്ടുന്നത്. ഈ ചിത്രം ഹൃദയത്തില്‍ കൊത്തിവെച്ച് ത്യാഗത്തിന്റെ പുത്തന്‍പാഠങ്ങള്‍ രചിക്കാനുള്ള ആഹ്വാനമാണ് പുതിയ കാലത്തെ സംഭവവികാസങ്ങള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *