ആള്‍ദൈവ ചൂഷണങ്ങള്‍ നമ്മെ പഠിപ്പിക്കേണ്ടത്

‘ആള്‍ദൈവങ്ങള്‍’ എന്നത് ഒരു പ്രയോഗം എന്നതിലുപരി ഒരു സമഗ്രാധിപത്യമായി ഇന്ന് രൂപാന്തരപ്പെട്ടിരിക്കുകയാണ്. ആത്മീയതയുടെ വിപണനം നടത്തുന്ന ‘ദേര’കളുടെയും ‘ആശ്രമ’ങ്ങളുടെയും ശക്തിയും അധികാര ബന്ധങ്ങളും വളരെ സങ്കീര്‍ണമായ ഒരവസ്ഥയാണ് ഇന്‍ഡ്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. ‘ഞാന്‍ ദൈവത്തിന്റെ അവതാരമാണ്’ എന്ന് പ്രഖ്യാപിക്കുന്നവരും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചില ‘അത്ഭുതസിദ്ധികള്‍’ കാണിക്കുന്നവരുമായ ഇവരുടെ പ്രധാന ധര്‍മം മനുഷ്യമനസ്സിന്റെ ആത്മീയ ദാഹം തീര്‍ക്കലും ജിവിതാഭിലാഷങ്ങള്‍ പൂവണിയിച്ചു നല്‍കലുമാണ്. ‘നിങ്ങളുടെ ഭാര്യക്കോ ഭര്‍ത്താവിനോ അവിഹിതങ്ങളുണ്ടോ? നിങ്ങള്‍ സന്താനോല്‍പാദന ശേഷിയില്ലാത്തയാളാണോ? ജിന്നുകളോ ഭൂതങ്ങളോ നിങ്ങളെ വേട്ടയാടുന്നുണ്ടോ? എങ്കില്‍ ഇന്ന ബാബയുടെ ദൈവിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്’ തുടങ്ങിയ പരസ്യവാചകങ്ങള്‍ ഭാരതത്തിന്റെ പ്രധാന ചുവരുകളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്.
സുഖഭോഗങ്ങള്‍ എമ്പാടും ആസ്വദിച്ച് മടുത്തു. കഴിഞ്ഞവരാണ് കൂടുതലായും ഇത്തരം ദേരകളില്‍ ആത്മീയ സൗഖ്യത്തിനുവേണ്ടി അഭയം തേടാറുള്ളത്. അതോടൊപ്പം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള എളുപ്പവഴികള്‍ക്കുവേണ്ടി സാധാരണക്കാരന്‍ മുതല്‍ ബിസിനസ് തലവന്‍മാര്‍ വരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഇവിടെ നിത്യസന്ദര്‍ശകരാണ്.
വടക്കുപടിഞ്ഞാറെ ഇന്‍ഡ്യയില്‍ മാത്രം നിലവില്‍ മൂവായിരത്തോളം ദേരകളാണുള്ളത്. ഈ ദേരമുഖ്യന്‍മാരില്‍ ഏറ്റവും പ്രധാനികളായ പത്തുപേരില്‍ ഒരാളാണ് ആഴ്ചകള്‍ക്ക് മുമ്പ് ഇരുപത് വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ്.
ആപാദചൂഢം ഭക്തി ദ്യോതിപ്പിക്കുന്ന വേഷങ്ങള്‍ അണിയുകയും വാക്കിലും നോക്കിലും ഭക്തി സ്ഫുരിപ്പിക്കുകയും ചെയ്ത് തങ്ങളിലെ ‘ദിവ്യശക്തി’യെ ശിഷ്യന്‍ അംഗീകരിച്ചു എന്നുറപ്പു വരുത്തിയ ഗുരുവിന്റെ അടുത്തനീക്കം നിര്‍ദ്ദേശങ്ങള്‍ മറുചോദ്യമില്ലാതെ കണ്ണടച്ചു അനുസരിക്കുന്നതാണ് മോക്ഷത്തിന്റെ മാര്‍ഗമെന്ന് ശിഷ്യരെക്കൊണ്ട് വിശ്വസിപ്പിക്കുന്നതിനായിരിക്കും. ഗുരുവിന്റെ അഭിനിവേശങ്ങള്‍ മുഴുവനും നേടിയെടുക്കാന്‍ കഴിയുന്ന സുവര്‍ണാവസരമാണ് കണ്ണടച്ചനുസരിക്കുന്നതിലൂടെ നടക്കുന്നത്. ശിഷ്യന്‍ പവിത്രമായി സൂക്ഷിച്ചുവെച്ചതെല്ലാം ഈ ഘട്ടത്തില്‍ ഗുരുവിനു വേണ്ടി സമര്‍പ്പിക്കേണ്ടി വരും. ആള്‍ദൈവങ്ങളുടെ ആധുനികരീതിയും ഘടനയും പരിശോധിച്ചാല്‍ തന്നെ ഇതിനെല്ലാമുള്ള വിഹിതം എവിടെ നിന്നാണ് ഒഴുകിവരുന്നത് എന്നറിയാന്‍ സാധിക്കും.
1948ല്‍ പഞ്ചാബ് ആസ്ഥാനമാക്കി തുടങ്ങിയ ‘ദേരാ സച്ചാ സൗധ’യുടെ തലവനായി രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ജനിച്ച ഗുര്‍മീത് കടന്നുവരുന്നത് 1990ലാണ്. ഭക്തിയിലൂടെ എങ്ങനെ സമ്പത്ത്, ലൈംഗികസുഖം എന്നിവ നേടിയെടുക്കണമെന്നാണ് പിന്നീടദ്ദേഹം ഗവേഷണം നടത്തിയത്. ആ ഗവേഷണങ്ങളുടെ ഫലമായി ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും മറികടന്ന് മുന്നോട്ടുപോയി. കോടിക്കണക്കിന് രൂപയുടെ ആസ്തികളാണ് ദേരാ സച്ചാ സൗധയുടെ പേരിലുള്ളത്. മൂന്നുവര്‍ഷം മുമ്പ് ദിവസം 16 ലക്ഷം രൂപയുടെ വരുമാനമുള്ളതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദി മാധ്യമമായ ജന്‍സത്ത റിപ്പോര്‍ട്ട് പ്രകാരം 2011ല്‍ 165 കോടി രൂപയും 2012ല്‍ 202 കോടി രൂപയും അവസാനം കണക്ക് പുറത്തുവന്ന 2013ല്‍ 290 കോടി രൂപയായും വരുമാനമുണ്ടായിരുന്നു ഗുര്‍മീത് റാം റഹീമിന്. കൂടാതെ 30 റേഞ്ച് റോവര്‍ കാറുകളും ലക്ഷങ്ങളുടെ ബൈക്കുകളും. ആദായനികുതി നിയമപ്രകാരം നികുതി അടക്കേണ്ടതുമില്ല.
15 വര്‍ഷം മുമ്പുള്ള ബലാത്‌സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയത്. 2002ല്‍ സിര്‍സിയിലെ ദേരാ ആശ്രമത്തില്‍ വെച്ച് വനിതാ അനുയായിയെ ഒന്നിലേറെ തവണ ഗുര്‍മീത് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. കത്തിന്റെ അടിസ്ഥാനത്തില്‍ ദേരാ സച്ചാ തലവനെതിരെ ലൈംഗിക പീഡന കേസ് എടുക്കാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം ബലാത്‌സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെട്ടുവെന്ന് വാദിച്ച് ലൈംഗിക അതിക്രമത്തെ ഗുര്‍മീത് ന്യായീകരിച്ചുവെന്നും വനിതാ അനുയായികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഒരു ദിവസം ദേരാ തലവന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം വലിയ സ്‌ക്രീനില്‍ അശ്ലീല സിനിമകള്‍ കാണുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളും വനിതാ അനുയായികള്‍ അന്വേഷണ ഏജന്‍സിക്കുമുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബലാല്‍സംഗ കേസിനു പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുന്നുണ്ട്.
ഭക്തിവില്‍പനക്കാരുടെ കൂട്ടത്തിലെ കാമക്കൂത്താടികളുടെയും തട്ടിപ്പുവീരന്‍മാരുടെയുമിടയിലെ ഒന്നുമാത്രമാണ് ഗുര്‍മീത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പത്രത്താളുകള്‍ മറിച്ചു നോക്കിയാലറിയാം ഇവരുടെയെല്ലാം കാമലീലകള്‍. തെക്കേ ഇന്‍ഡ്യയിലെ ഏറ്റവും തിരക്കുള്ള സ്വാമിമാരില്‍ ഒരാളായിരുന്നു സ്വാമി നിത്യാനന്ദ. ‘ആത്മീയ സൗഖ്യം’ പ്രദാനം ചെയ്യുന്ന ഈ ‘ദിവ്യശക്തി’ പി
ടിക്കപ്പെട്ടത് സിനിമാനടിയുമായുള്ള തന്റെ അശ്ലീലരംഗങ്ങള്‍ നാട്ടുകാര്‍ കണ്ടതുകൊണ്ടാണ്.
425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുള്ള ആശാറാം ബാപ്പു എന്ന ആള്‍ദൈവം ഇപ്പോള്‍ പ്രായപൂ
ര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ്. കൂടാതെ ഭൂമി ഇടപാട് തട്ടിപ്പുകേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. ഭക്തകവിയായ കബീറിന്റെ അവതാരമായി അറിയപ്പെടുന്ന ദൈവമാണ് ബാബ രാംപാല്‍. എഞ്ചിനീയറായ ഇദ്ദേഹം 1999ലാണ് ആള്‍ദൈവമാകുന്നത്. ഇപ്പോള്‍ കൊലക്കേസില്‍ പിടിയിലാണ്. ഒരു കപടസ്വാമിയുടെ പേര്‍ തന്നെ ‘സ്വാമി സദാചാരി’ എന്നാണ്. ഈ ‘സദാചാരി’ വേശ്യാലയം നടത്തിയതിന് ഇപ്പോള്‍ അകത്താണ്. 13 പേരെ ബലാത്‌സംഗം ചെയ്ത കേസില്‍ പ്രതിയാണ് സ്വാമി പ്രേമാനന്ദ. ഒരു കൊലപാ
തകകേസും ഇയാള്‍ക്കെതിരെ ഉണ്ട്. കേരളത്തിലെ കുപ്രസിദ്ധരായ ആള്‍ദൈവങ്ങളില്‍ ഒരാളാണ് സന്തോഷ് മാധവന്‍ എന്ന അമൃതചൈതന്യ. പീഡനവും നീലചിത്ര നിര്‍മാണവുമാണ് അമൃതചൈതന്യയുടെ പ്രധാനഹോബികള്‍. 2008ലാണ് ഇയാള്‍ അറസ്റ്റിലായത്. സാംസ്‌കാരിക കേരളത്തില്‍ നിന്ന് അവസാനമായി പിടിക്കപ്പെട്ട ആള്‍ദൈവമാണ് സ്വാമി ഗംശേശാനന്ദ. വര്‍ഷങ്ങളായി ഇദ്ദേഹത്തില്‍നിന്നും പീഡനമേറ്റുകൊണ്ടിരുന്ന പെണ്‍കുട്ടി ഈ സ്വാമിയുടെ ജനനേന്ദ്രിയം തന്നെ ഛേദിക്കുകയായിരുന്നു.
കേരളത്തിലെ അമൃതാനന്ദമയീമഠത്തില്‍ ധര്‍മവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക അഴിമതിയും ആരോപിച്ചുകൊണ്ട് മഠത്തില്‍ ഏറെക്കാലം സേവനമനുഷ്ഠിച്ച ഒരു സ്ത്രീ  Holy Hell: A Memoir of Faith, Devotion, and Pure Madness എന്ന പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. അമ്മയുടെ വിശ്വസ്തസേവക, രഹസ്യസൂക്ഷിപ്പുകാരി, പേഴ്‌സണല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളൊക്കെ വഹിച്ചുകൊണ്ട് ഇരുപത് വര്‍ഷം ആശ്രമത്തില്‍ ഉണ്ടായിരുന്നയാളാണ് വിദേശിയായ ഗെയില്‍ ട്രെഡ്‌വില്‍ എന്ന ഈ ഗ്രന്ഥകാരി. 1999ല്‍ അവിടുത്തെ ‘പിഴച്ച’ ജീവിതം മടുത്ത് ആശ്രമം വിട്ട ഈ സ്ത്രീ പതിനാലു വര്‍ഷത്തിനുശേഷം അമ്മയോടും സഹയാത്രികന്‍ ബാലുവിനോടുമൊപ്പമുള്ള തന്റെ അനുഭവലോകം തുറന്നുവെക്കുകയാണെന്ന് പറഞ്ഞാണ് പുസ്തകമെഴുതിയത്. മഠത്തില്‍ ഗായത്രി എന്ന പേരു സ്വീകരിച്ചിരുന്ന ഈ സ്ത്രീ അമ്മ ഉറങ്ങിക്കിടക്കുന്ന കട്ടിലിനടിയില്‍ വെച്ചുപോലും പീഡിപ്പിക്കപ്പെട്ടുവെന്ന് പു
സ്തകത്തില്‍ പറയുന്നു. ഇങ്ങനെയൊരു പീഡനം നടക്കുമ്പോള്‍ ഒന്നുകില്‍ ഉറങ്ങിക്കിടക്കുന്ന അമ്മ ‘ദിവ്യശക്തി’ മുഖേന ഇതറിയും. അറിഞ്ഞെങ്കില്‍ തടയണം. എന്നാല്‍ ഇതുരണ്ടുമുണ്ടായില്ല! ഈ സംഭവം മാത്രം മതി ആള്‍ദൈവങ്ങളുടെ ദിവ്യശക്തിയുടെ നിരര്‍ത്ഥകത സാമാന്യബുദ്ധിക്കു ബോധ്യമാകാന്‍.
എന്നാല്‍ ഈ തട്ടിപ്പുകളെല്ലാം മുന്നില്‍ തെളിഞ്ഞിട്ടും സമൂഹത്തിലെ ബുദ്ധിജീവി വര്‍ഗം പോലും ആള്‍ദൈവങ്ങളെ കാണാന്‍ ക്യൂ നില്‍ക്കുകയാണ് എന്നതാണ് വാസ്തവം. ആള്‍ദൈവങ്ങളുടെയും വ്യാജ ആത്മീയ കേന്ദ്രങ്ങളുടെയും തട്ടിപ്പുകളും ക്രൂരതകളും ജനമധ്യത്തില്‍ പലരും കാണിച്ചു കൊടുത്തിട്ടും അവര്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഒരു ഭാഗത്ത് ചിലരെ അറസ്റ്റ്  ചെയ്യുമ്പോള്‍ മറുഭാഗത്ത് അതേപണി പുതിയ രൂപത്തിലും ഭാവത്തിലും മറ്റുപലരും ചെയ്യുന്നു. ‘വേലി തന്നെ വിളവു തിന്നുന്ന’താണ് ഇതിനു മുഖ്യകാരണം. ആത്മീയ ചൂഷകരുടെ പേക്കൂത്തുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രങ്ങളില്‍ തന്നെ സമാനസ്വഭാവമുള്ള സിദ്ധന്‍മാരുടെയും തട്ടിപ്പുകേന്ദ്രങ്ങളുടെയും പരസ്യമുണ്ടാവും.
ഭരണവര്‍ഗവുമായുള്ള ആശ്രമങ്ങളുടെ അവിശുദ്ധമായ ബന്ധവും ഫാഷിസത്തിന്റെ പരിലാളനയും ഏതു നീതിന്യായ വ്യവസ്ഥയെയും മറികടക്കാനുള്ള ദാര്‍ഷ്ട്യം ഇവയ്ക്ക് ലഭിക്കുന്നു. ഗുര്‍മീതിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ എമ്പാടും കലാപം അഴിച്ചുവിട്ടപ്പോള്‍ അക്രമികളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര വാര്‍ത്താവിനിമിയ, സംപ്രേഷണ മന്ത്രി സ്മൃതി ഇറാനിക്ക് തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിനുപകരം ഗുര്‍മീതിനെ കുറ്റവാളിയായി വിധിച്ച കോടതി ഉത്തരവ് വെളിപ്പെടുത്തിയ മാധ്യമങ്ങളാണ് കലാപങ്ങള്‍ക്ക് വഴിവെക്കുന്നത് എന്ന് തെളിയിക്കാനായിരുന്നു വ്യഗ്രത.
മാനസിക ക്ലേശങ്ങളുടെ ലഘൂകരണത്തിനും ആഗ്രഹപൂര്‍ത്തീകരണത്തിനും
കപട ആത്മീയാലയങ്ങള്‍ കയറിയിറങ്ങുന്നതിനുപകരം സ്രഷ്ടാവിലേക്കുള്ള മടക്കവും സമര്‍പ്പണവുമാണ് മനുഷ്യനു വേണ്ടത്. ആത്മീയ ചൂഷണമുക്തമായ ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് സ്രഷ്ടാവിനെക്കുറിച്ചുള്ള ബോധവും സ്മരണയുമാണ്. ”അറിയുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (ക്വുര്‍ആന്‍ 13:28)
ഏകദൈവവിശ്വാസം എങ്ങനെ നിര്‍ഭയത്വം നല്‍കുന്നുവെന്ന് ക്വുര്‍ആന്‍ ഇബ്‌റാഹീം നബി(അ)യുടെ ജീവിതം വിശദീകരിക്കുമ്പോള്‍ പറയുന്നുണ്ട്.
”അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്റെ രക്ഷിതാവിന്റെ ജ്ഞാനം സര്‍വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപു
ലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്? നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.” (6:80,81)
ആകുലതകളും പിരിമുറുക്കങ്ങളും കുറച്ചൊന്നുമല്ല മനുഷ്യമനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. രോഗം പിടിപെടുമോ എന്ന പേടി, ഉള്ള രോഗം വര്‍ദ്ധിക്കുമോ എന്ന ഭയം, വരുമാനം നിലയ്ക്കുമോ, സ്വപ്‌നം കണ്ട ജോലി നഷ്ടമാകുമോ, പരീക്ഷകളില്‍ പരാജയപ്പെടുമോ എന്നിങ്ങനെയുള്ള ഭീതിതമായ അന്തരീക്ഷമാണ് നമ്മുടെ മനസ്സില്‍. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അവന്‍ രക്ഷിക്കുമെന്ന പൂ
ര്‍ണബോധ്യവും അവന്‍ നിശ്ചയിച്ചതല്ലാതെ നമുക്കൊന്നും സംഭവിക്കുകയില്ലെന്ന ബോധവും പ്രതികൂലമായി എന്തു സംഭവിച്ചാലും അതിനെ ഉള്‍ക്കൊള്ളാന്‍ മനുഷ്യനു കഴിയും. ദൈവം നല്‍കിയത് തടയാനോ, തടഞ്ഞത് നല്‍കാനോ ഒരു ശക്തിക്കും കഴിയില്ല എന്ന വിശ്വാസമുള്ളവന് ജീവിതനൗകയുടെ പ്രയാണത്തിനിടയില്‍ കാറ്റും കോളും വന്നാല്‍ മറിഞ്ഞുവീഴാതെ പിടിച്ചു നില്‍ക്കാന്‍ അവന് കരുത്തുനല്‍കും.
ആശകളും ആശങ്കകളും ഉത്കണ്ഠകളും സീമാതീതമായി പെരുകുമ്പോള്‍ ഇവക്കെല്ലാം ശമനം നല്‍കാമെന്ന് ഉറപ്പു നല്‍കുന്ന തട്ടിപ്പ് കേന്ദ്രങ്ങളുടെ മാളങ്ങളിലേക്ക് സര്‍വസ്സവും വെച്ചുകൊടുക്കുന്ന പരുവത്തിലേക്ക് സമൂഹത്തിന്റെ മനോഗതി മാറുമ്പോള്‍ ഇസ്‌ലാമിക പ്രബോധകര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളത്. സമാധാനം, സമര്‍പ്പണം, നിര്‍ഭയത്വം എന്നെല്ലാം അഭിമാനമുള്ള ഈ ആദര്‍ശത്തെ താത്വികമായും പ്രായോഗികമായും മനുഷ്യമനസ്സിന് മനസ്സിലാക്കി കൊടുക്കാനുള്ള അശ്രാന്ത പരിശ്രമം നമ്മില്‍ നിന്നുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *